
ദക്ഷിണാമൂർത്തിയിൽ നിന്നും കൈലാസനാഥനിലേക്കെന്നോ കാലടിയിൽ നിന്നും കൈലാസത്തിലേക്കെന്നോ (പാദം മുതൽ സഹസ്രാരം വരെ) ഈ യാത്രയെ വിശേഷിപ്പിക്കാം… ഏതു യാത്രയും നയിക്കുന്നത് അതിനെക്കുറിച്ച് ജ്ഞാനമുള്ളവരായിരിക്കണം. 2025 സെപ്റ്റംബർ 19ന് കാലടി മണ്ണിലെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും ഞങ്ങളെ നയിച്ചത് ഒരു യോഗിയുടെ വഴികളായിരുന്നു.
ഞാൻ കണ്ട കൈലാസവർണ്ണന ഇങ്ങനെ… പ്രധാനമായി ലഭ്യമായത് തെക്ക് ദർശനമായിരിക്കുന്ന കൈലാസനാഥന്റെ ഇടതുവശത്തിന്റെ ദർശനമാണ്. കൈലാസനാഥന്റെ പ്രധാനഭൂതഗണങ്ങളായ കാലഭൈരവൻ, വീരഭദ്രൻ മാത്രമല്ല എല്ലാ ശിവഗണങ്ങളും ആ കൈലാസനാഥനു ചുറ്റും അംഗരക്ഷകരെപ്പോലെ നിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.. എന്റെ കാഴ്ചകൾ തീർത്തും വൈവിധ്യപൂർണ്ണമായിരുന്നു, ഇടക്കിടക്ക് ചില കവാടങ്ങൾ, അത് തുറന്ന് അതിലൂടെ ഭക്തന്മാർക്ക് ഭഗവാൻ ദർശനം നൽകുന്നതായും, നന്ദികേശൻ മാത്രം ശിവഭഗവാന് അഭിമുഖമായി കിടപ്പ് ഉറപ്പിച്ചതായും ഞാൻ കണ്ടു. ശിവന് പൂർണ്ണപ്രദക്ഷിണം പാടില്ല എന്നതുകൊണ്ടാവാം നീരുറവകൾ കൈലാസനാഥന് അപ്രദിക്ഷണമായി ഒഴുകുന്നു. അവിടെ നിന്നുമൽപ്പം ദൂരെയായി സ്ഥിതി ചെയ്യുന്ന മാനസരോവർ – മുപ്പത്തിമുക്കോടി ദേവന്മാരും കൈലാസനാഥനെ കാണാൻ വരുമ്പോൾ സ്നാനം ചെയ്ത് മനഃശുദ്ധിവരുത്തുന്ന സരോവരം.
ആകാശം തെളിഞ്ഞതാണെങ്കിലും ഇടക്കിടക്ക് കൈലാസനാഥനെ വിട്ടുപോകാൻ മനസ്സില്ലാത്തവണ്ണം സൂര്യചന്ദ്രാദികൾ പകൽവെളിച്ചത്തിലും ഒപ്പമുണ്ടായിരുന്നു. വായുദേവൻ ഹംസധ്വനി രാഗത്തിൽ ഓങ്കാരം ജപിക്കുന്നുണ്ടായിരുന്നു. നടക്കുന്ന വഴികളിലെല്ലാം പലതരത്തിലുള്ള പുഷ്പങ്ങൾ കൈലാസനാഥനെ കണ്ടുകൊണ്ട് ആനന്ദപാരവശ്യത്താൽ ആടിയുലഞ്ഞ് രസിക്കുന്നു. പക്ഷികളും ചെറിയ മൃഗങ്ങളും ഉല്ലാസത്തിലായിരുന്നു. ഇടക്ക് ഞങ്ങളിൽ കനിയും വണ്ണം വരുണദേവനും കൂട്ടുപോന്നു. ഈ സർവ്വപ്രപഞ്ചവും കൈലാസനാഥന്റെ പാദത്തിൽ അഭയം പ്രാപിച്ചതുപോലെ എനിക്ക് തോന്നി.

കൈലാസവും മാനസരോവരവും കുറെക്കാലമായി എന്റെ മനസ്സിലെ ഒരാഗ്രഹമായിരുന്നു. വൈകുണ്ഠം പാലാഴിയിൽ ആണെങ്കിൽ കൈലാസം ഭൂമിയിലാണ് എന്നതാണ് എന്റെ അനുഭവം. കഥകൾ കൊണ്ടും, കഥകൾക്കുള്ളിലെ കഥകൾ കൊണ്ടുമൊക്കെയാണ് ആ ഭൂപ്രദേശത്തെ (കൈലാസത്തെ) ഞാൻ മനസ്സിലാക്കിയത്. 2025 സെപ്റ്റംബറിൽ ആ ഭൂപ്രദേശത്തെയല്ല… മറിച്ച് ആ ദേവഭൂമിയെ കാണുവാനും, അറിയുവാനും, അനുഭവിക്കുവാനും എനിക്ക് യോഗം ലഭിച്ചു.
“മാനസരോവരം”
കൃഷ്ണനെ കാണാൻ കൊതിപൂണ്ട് വിഷമിച്ചിരുന്ന രാധയുടെ കണ്ണുനീർകൊണ്ട് സൃഷ്ടിക്കപ്പെട്ട വൃന്ദാവനത്തിലെ തടാകം പോലെ, കൈലാസനാഥനെ കാണാൻ ആഗ്രഹിക്കുന്ന ജിജ്ഞാസുക്കളുടെ മനസ്സാകുന്ന സരോവരമായി (തടാകമായി) ഞാൻ മാനസരോവരത്തെ കണ്ടു. സംസ്കൃതത്തിൽ മാനസരോവരമെന്നാൽ ‘മനസസ്യ സരോവരം’ (മനസ്സിന്റെ സരോവരം) എന്നാണ് അർത്ഥമാക്കുന്നത്. മനസ്സിന്റെ സരോവരം എന്നു മാത്രമല്ല ‘മാനസ’ എന്ന പദത്തിന് കൃപയെന്നും അനുകമ്പയെന്നും സൂചിപ്പിക്കുന്നതായ അർത്ഥം കൂടിയുണ്ടെന്ന് അറിവുള്ളവർ പറയുന്നു.
മാനസരോവരത്തിന് മനസ്സിന്റെ എന്നു മാത്രമല്ല ആഗ്രഹങ്ങളുടെ തടാകം എന്നും വിശേഷിപ്പിക്കാം. അതിൽ നീന്തിക്കളിക്കുന്ന ഹംസങ്ങൾ. ജ്ഞാനമെന്ന ഒന്നിനുമാത്രമേ മനസ്സാകുന്ന തടാകത്തിൽ (അഥവാ സാഗരത്തിൽ) നമ്മെ ആഴ്ത്താതെ, ഹംസങ്ങളെ പോലെ നീന്തിത്തുടിക്കുവാൻ സഹായിക്കാൻ കഴിയൂ…. ആ മനസ്സാകുന്ന തടാകത്തിൽ നിന്നും നോക്കുമ്പോൾ അങ്ങകലെ ചെറുതായി കൈലാസം കാണാം. കൈലാസം എന്ന പദത്തിന് സ്ഫടികം എന്ന അർത്ഥം കൂടിയുണ്ട്, അതായത് കണ്ണാടി, തന്നെ തിരിച്ചറിയാൻ പറ്റുന്ന കണ്ണാടി. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സ്വയംഭൂവായ കണ്ണാടി പ്രതിഷ്ഠ എന്ന് വേണമെങ്കിൽ പറയാം.

കൈലാസത്തിന്റെ അടുത്തേക്കു പോകുന്നത് കൈലാസത്തിന്റെ തെക്കുവശത്തുകൂടിയാണ്. തെക്ക് എന്നതിന് മരണം അല്ലെങ്കിൽ യമദ്വാരം എന്നൊരർത്ഥം കൂടിയുണ്ട്. ഭൗതികങ്ങളായ ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയുടെ നിഗ്രഹണത്തിനെയാണ് മരണം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ദക്ഷിണാമൂർത്തിയുടെ സ്ഥാനവും തെക്ക് തന്നെയാണല്ലോ, ദക്ഷിണാമൂർത്തിയെ ജ്ഞാനത്തിന്റെ വാതി എന്നോ ഉത്ഭവം എന്നോ വിശേഷിപ്പിക്കാം. അങ്ങിനെയുള്ള ദക്ഷിണഭാഗത്തുകൂടി കൈലാസമെന്ന സ്ഫടികത്തെ ഏറ്റവും അടുത്ത് കാണായി. യോഗശാസ്ത്രത്തിൽ പറയുന്നതു പോലെ മൂലാധാരത്തിലൂടെ കൈലാസത്തിലേക്ക് 8 അവസ്ഥകളും (അഷ്ടപദ്) താണ്ടി നന്ദിയെപ്പോലെ നിലയുറപ്പിക്കണം. അവിടെയാണ് ദർശനം, യഥാർത്ഥ ദർശനസ്ഥാനം. അവിടെയാണ് യോഗശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് പോലെയുള്ള ജ്ഞാനോപദേശം.
ശേഷം പ്രദിക്ഷിണമായി പടിഞ്ഞാറ് മുഖം. പടി എന്നാൽ തമിഴിൽ താഴുക, മറയുക എന്നർത്ഥം. ഞായർ എന്നാൽ സൂര്യൻ – സൂര്യൻ മറഞ്ഞാൽ പിന്നെ ഭൗതികഅറിവ് ഇല്ലാതായി, ജ്ഞാനാവസ്ഥയിൽ ദക്ഷിണഭാഗം താഴെയാണെങ്കിൽ ഉത്തരഭാഗം സഹസ്രാരത്തിൽ, കൈലാസത്തിൽ സ്ഫടികമായി നിലകൊള്ളുന്ന കൈലാസനാഥനെ കണ്ട് ഇത് ഞാനാണെന്ന അവനവനിലേക്കുള്ള ജ്ഞാനത്തെ അറയുന്ന പ്രക്രിയയാണ് കൈലാസദർശനം. അഹം ബ്രഹ്മാസ്മി, തത്ത്വമസി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, എന്നീ മഹാവാക്യസാക്ഷാത്കാരം.
അവിടെയും ഇവിടെയും ഉള്ളത് ഒന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും പ്രയത്നിച്ച്, കഷ്ടപ്പാടുകൾ അനുഭവിച്ച് ആ കണ്ണാടിയെ കണ്ട് സ്വയം ഞാനാണെന്ന് തിരിച്ചറിയാൻ ഈ യാത്ര വേണോ എന്ന് ചോദിക്കുന്നവരുണ്ടാകും. സഹനത്തിലൂടെയും കഷ്ടപ്പാടിലൂടെയും അനുഭവിച്ചറിഞ്ഞാലേ ചിലർക്ക് അത് ബോധ്യമാവൂ. യോഗശാസ്ത്രത്തിലെ സവിതർക്ക സമാധി പോലെ എന്തും കണ്ടറിഞ്ഞ് മനസ്സിലാക്കിയാലേ സമാധാനം ലഭിക്കൂ എന്ന നമ്മളെപ്പോലുള്ളവർക്കായി ഈ കൈലാസയാത്ര അത്രയും അനിവാര്യമാണ്. അത് മഹത്തായ ഒരു കാര്യമായി ഞാൻ കാണുന്നു.
ഈ യാത്രയിൽ ഞങ്ങളെ, മഹാദേവന്റെ വാഹനമായ നന്ദിയെപ്പോലെ, കൈലാസത്തിലേക്ക് വഹിച്ച യോഗി ട്രെയിൽസിലെ എല്ലാ യോഗികൾക്കും ഒപ്പമുണ്ടായിരുന്ന സഹജിജ്ഞാസുകൾക്കും ആത്മാവിന്റെ അർത്ഥത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും എന്നും ഉണ്ടാകും.



