
ഇൻഡോനേഷ്യൻ ദീപസമൂഹേ
ബാലി എന്നൊരു ദേശം കാണാൻ
ശ്രീജിത്തെന്നൊരു യോഗിയൊടൊത്ത്
കൂടെയിറങ്ങി മടി കൂടാതെ
ഇരുപത്താറിൽ മാർച്ചിൽ ഞങ്ങൾ എട്ടിന് തന്നെ യാത്ര തുടങ്ങി.
കൊച്ചിയിൽ നിന്ന് കൊലാലംപൂർക്കും.
അവിടുന്നുടനെ ഡെൻപാസറിലും
രണ്ടു വിമാനം കയറിയിറങ്ങി
അങ്ങിനെ ഞങ്ങൾ ബാലിയിലെത്തി.
നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ
ഒറ്റക്കായും കപ്പിൾസായും
പതിനാറാളുകളൊത്തു ഞങ്ങൾ.
ഫോറിനിൽ നിന്നും രവിയും വന്നു കൃഷ്ണേട്ടനോടൊപ്പം കൂടി.
വൈദ്യന്മാരാം വീരേന്ദ്രനുമാ – സഹധർമ്മിണിയാം സുജാതയുമായി.
നാരാണേട്ടൻ തന്നുടെ പത്നി
ലതയോടൊപ്പം കൂടെ കൂടി.
പ്രീതാ, രാമൻ, ശോഭ, പുഷ്പ
ആര്യക്കുട്ടി മിനിയോടൊത്തും
ശുചീന്ദ്രത്തിൽ നിന്നും വന്നു
പ്രീതാ പ്രതീപ് എന്നൊരു ജോഡി.
ലീഡർ ശ്രീജിത്ത് അവനും പിന്നെ
ഞാനും കൂടി പതിനാറായി.
‘വാർത്ത ,എന്നൊരു ഗൈഡിൻ്റൊപ്പം ബാലിയിലുള്ളാരു കാഴ്ചകൾ കാൺമാൻ’
‘പരശ്വിവ ,എന്നൊരു ബസ്സിൽ ഞങ്ങൾ കാലെതന്നെ കേറിക്കൂടും.
(നാരായണ)
ടാറിട്ടുള്ളാരുവീഥികളും അതിൽ കവലകൾ തോറും
പ്രതിമകൾ കാണാം.
പല പല വൃക്ഷം കാടും മേടും, തെളി നീരൊഴുകും അരുവികൾ കാണാം കർഷകര വരുടെ വേലയെടുത്തും
പക്ഷിമൃഗാദികൾ മേഞ്ഞു നടന്നും.
പച്ചപ്പേറിയ നെൽപ്പാടങ്ങൾ
കണ്ണിന് നല്ലൊരു കാഴ്ചകൾ തന്നെ.
അമ്പലമങ്ങനെ അനവധിയുണ്ട് വീടുകൾതോറും വേറ വേറെ.
അമ്പലമില്ലാത്തൊരു സ്ഥലമില്ല
അമ്പോ എന്തൊരു ദേശംബാലി. തീർത്ഥജലത്തിൽ നീരാടുമ്പോൾ തീർന്നീടുന്നു നമ്മുടെ ദോഷം. ദോത്തിയുടുത്തൊരു കെട്ടും കെട്ടി ഫോട്ടോക്കായി പോസുംചെയ്ത്,
ലാത്തിയടിച്ച് നടക്കുന്നോരെ
മാറ്റി നമുക്കൊരു പടവുമെടുക്കാം.
കടലോരത്തെ കാറ്റും ഏറ്റ് ഫോറിൻ പടകൾ നിരന്നുതുടങ്ങി.
ആണോ പെണ്ണോ എന്നൊരു ഭേദം
കൂടാതങ്ങനെ മോദിക്കുന്നു.
പൂവാടികളും കായൽത്തീരം കണ്ടാലാർക്കും മതിയാകില്ല.
തിരമാലകളെ തൊട്ടുതലോടി പടവും റീൽസുമതൊക്കെ യെടുത്ത്.
പാരാവാരം താണ്ടി ഞങ്ങൾ ജാവാദീപിൽ ചെന്നുനിന്നു.
കണ്ണട വച്ചു കാലുറയിട്ടു കടലിന്നടിയിലെ കാഴ്ചകൾ കണ്ടു ….
കാശു കൊടുത്തിട്ടൂഞ്ഞാലാടാൻ വേഷം കെട്ടി യിറങ്ങി ഞങ്ങൾ.
ഗോഷ്ടികൾ കാട്ടിയിറങ്ങി വരുന്നൊരു കൂട്ടരെ നോക്കി കണ്ണുമിഴിച്ചു. കടലും താണ്ടി തിരികെ വന്നു പർവ്വതരാജനെ ലക്ഷ്യവുമിട്ടു വെറുതെയുള്ളൊരു പർവ്വതമല്ല
അഗ്നിജ്വലിക്കും പർവ്വതമത്രേ.
രാത്രിയിലൊരുവൻ തന്നുടെ ബൈക്കിൽ യാത്ര തിരിച്ചു ലക്ഷ്യം നേടാൻ.
ഇടവും വലവും നോക്കീടാതെ ബലമായ്ത്തന്നെ പിടിച്ചു അവനെ….
(നാരായണ)
കുഴിയും കുണ്ടും വളവും പൊളവും കയറിയിറങ്ങി ശകടം ശീഘ്രം ….
കുന്നിൽ മുകളിൽ ചെന്നു അപ്പോൾ ഒന്നും തന്നെ കാണ്മാനില്ല. തമസിനുള്ളിൽ പെട്ടുഴലുമ്പോൾ
തരസാ വന്നൊരു ദീപപ്രഭയും. മറ്റൊരു പയ്യൻ വന്നു പിടിച്ചു
അവനുടെ കൂടെ ഗമിച്ചു വേഗം.
തപ്പിത്തപ്പി നടന്നൊരു കേറ്റം, ഒരു വിധമങ്ങിനെ മുകളിലുമെത്തി.
ഹരഹര ശിവശിവ എന്തൊരു കാഴ്ച
സ്വർഗ്ഗമിതാണോ എന്നൊരു ശങ്ക…..
അരുണൻ വന്നു മുഖവും കാട്ടി ഉടനെ മഞ്ഞിൽ മറയുകയായി. സ്വർഗ്ഗം കാണാൻ വന്നൊരു പടയെ തട്ടിയുരുമ്മി നടക്കും ശ്വാക്കൾ. കലപില കൂട്ടിനടക്കും നായ്ക്കൾക്കിടയിൽ കൂടി കപികളുമങ്ങനെ,
മാലകൾ വളകൾ ക്ലിപ്പുകളെന്നിവ
തോരണമായി തൂക്കിക്കൊണ്ട്
മന്ദം മന്ദം മങ്കകളങ്ങനെ
ചാരെ വന്നു പുഞ്ചിരി തൂകി.
വേണ്ട എന്നൊരു ആംഗ്യം കാട്ടി
തിരികെ പുഞ്ചിരി ഒന്നുകൊടുത്തു.
മഞ്ഞിൽ പാളിമറഞ്ഞൊരു സമയേ
കണ്ടു ഞങ്ങൾ കാഴ്ചകൾ പലതും
ആകാശത്തെ തൊട്ടു തലോടിയ ഹിമഗിരി ശൃംഗമതങ്ങനെ കണ്ടു. ഭൂമിദേവി തന്നുടെ ഭംഗി
ഗോപുരമുകളിൽ നിന്നും കണ്ടു.
പർവ്വതരാജനെതൊട്ടുവണങ്ങി
പടികളിറങ്ങി മണ്ടീ ഞങ്ങൾ.
കടലിൻതീരേ കണ്ടൊരു ക്ഷേത്രേ
തൊഴുതു ഞങ്ങൾ നോക്കും ന്നേരം
കപി വീരന്മാരനവധി യവിടെ ചുറ്റിയടിച്ചു നടന്നീടുന്നു.
തെറ്റെന്നവനുടെ കൈകളിലെത്തും മറ്റുള്ളവരുടെ സാമാനങ്ങൾ.
അലസതയോടെ നടന്നു വെങ്കിൽ
അവരുടെ കയ്യിൽപ്പെട്ടു നമ്മൾ. അങ്ങിനെ ഞങ്ങൾ പടികളിറങ്ങി കണ്ടു അപ്പോളൊരു കളിയാട്ടം.
സീതാരാമൻമാരുടെ കഥയെ ചേതോഹരമായ് കാട്ടിത്തന്നു.
ഹനുമാൻ തന്നുടെ ചേഷ്ടകളെല്ലാം
അനുമോദിക്കാൻ ആളുകൾ കൂടി.
ഫോട്ടോയില്ലേൽ എന്തൊരു കേമം
കേട്ടോ അവിടൊരു കല പില തന്നെ.
കമ്പോളങ്ങൾ കയറിയിറങ്ങി കണ്ടതു പലതും വാങ്ങിക്കൂട്ടി.കാഴ്ചകളിനിയും ബാക്കിയിരിക്കെ
നാട്ടിൽ പോകാൻ കാലമടുത്തു.
ആടിപ്പാടി നടന്ന ദിനങ്ങൾ ഓരോ ന്നായി തീർന്നീടുമ്പോൾ,
അറിയാതങ്ങിനെ കരളിൽ നിറയും സങ്കട ഭാവം തീർക്കാ നായി
പുഞ്ചിരി തന്നുടെ പൂക്കളുതിർത്തി
റ്റാറ്റാ എന്നൊരു വാക്കും ചൊല്ലി
വീണ്ടും കാണാമെന്നു പറഞ്ഞു യാത്ര തുടർന്നു നടന്നു വേഗം.
